കങ്കണാജീ ഇത് നിങ്ങളുടെ വീടാണ് ട്വിറ്റര്‍ വിലക്കിയ കങ്കണയെ സ്വാഗതം ചെയ്ത് 'കൂ'
പ്രകോപനപരമായ ട്വിറ്റുകള്‍ നടത്തിയതിന് ബോളിവുഡ് താരം കങ്കണ റാവത്തിനെ ട്വിറ്റര്‍ വിലക്കിയെങ്കിലെന്ത്. കങ്കണയെ സന്തോപൂര്‍വ്വം സ്വാഗതം ചെയ്യുകയാണ് കൂ ആപ്പ്. സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ആപ്പ് ഇന്നവേഷന്‍ ചലഞ്ചിലെ വിജയിയാണ് 'കൂ' ആപ്പ്. ഈ ആപ്പിന്റെ ഫൗണ്ടര്‍ സിഇഒ മാരില്‍ ഒരാളായ മായങ്ക് ബിദ്വാഡ്കാണ് കങ്കണയെ സ്വാഗതം ചെയ്ത് പത്രക്കുറിപ്പ് ഇറക്കിയത്.
കങ്കണാ ജീ, ഇത് നിങ്ങളുടെ വീടാണ്, നിങ്ങള്‍ക്ക് ഇവിടെ നിങ്ങളുടെ അഭിപ്രായങ്ങള്‍ അഭിമാനത്തോടെ എല്ലാവരുമായി പങ്കുവയ്ക്കാം, എന്നാണ് മായങ്ക് പറയുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളില്‍ നടന്ന അക്രമത്തെകുറിച്ചും മമത ബാനര്‍ജിയുടെ വിജയത്തെക്കുറിച്ചും കങ്കണ നടത്തിയ ട്വിറ്റുകളാണ് ട്വിറ്ററിനെ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്. ട്വീറ്റുകള്‍ പ്രകോപനപരമാണെന്ന് കണ്ട് അവരുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. അതേസമയം തനിക്ക് അഭിപ്രായം പറയാന്‍ വേറെയും വേദികളുണ്ടെന്നായിരുന്നു ട്വിറ്റര്‍ നടപടിയോട് താരം പ്രതികരിച്ചത്.
അമേരിക്കക്കാരാണെന്ന് ട്വിറ്റര്‍ തെളിയിച്ചെന്നും തവിട്ട് നിറമുള്ള ആളുകളെ അടിമകളാക്കാന്‍ അഗ്രഹിക്കുന്നത് വെള്ളക്കാരില്‍ ജന്മനാ ഉള്ള കാര്യമാണെന്നും നടി പ്രതികരിച്ചു. നമ്മള്‍ എന്ത് ചിന്തിക്കണമെന്നും എങ്ങനെ സംസാരിക്കണമെന്നും പ്രവൃത്തിക്കണമെന്നും അവര്‍ നമ്മളോട് പറയുകയാണെന്നും കങ്കണ കുറ്റപ്പെടുത്തിയിരുന്നു .
വിവാദപരമായ പ്രസ്താവനകളുടെയും നിലപാടുകളുടെയും പേരില്‍ ചലച്ചിത്രരംഗത്തും രാഷ്ട്രീയരംഗത്തും ഏറെ വിവാദങ്ങള്‍ കങ്കണയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. മഹാരാഷ്ട്രസര്‍ക്കാരും കങ്കണയും തമ്മില്‍ തുറന്നപോര് തന്നെ നടന്നിട്ടുണ്ട്.